ഇരിയണ്ണി (കാസർഗോഡ്): കാട്ടുപോത്തുകൾ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ടകാർ മരത്തിലിടിച്ചു മറിഞ്ഞ് തകർന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ ബോവിക്കാനം-കാനത്തൂർ റോഡിൽ ഇരിയണ്ണി വനംവകുപ്പ് ഓഫീസിനു സമീപത്തുവച്ചായിരുന്നു അപകടം.
കാർ ഓടിച്ചിരുന്ന എരിഞ്ഞിപ്പുഴ സ്വദേശി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ബോവിക്കാനം ഭാഗത്തേക്കു പോകുകയായിരുന്ന കാറിനു കുറുകേ ഏതാനും കാട്ടുപോത്തുകളടങ്ങിയ കൂട്ടം പെട്ടെന്ന് ഓടുകയായിരുന്നുവെന്നു പറയുന്നു. ഇവയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണംവിട്ടു മറിഞ്ഞത്.നാലു കാട്ടുപോത്തുകൾ പ്രദേശത്ത് സ്ഥിരമായി ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.